തീരങ്ങളിൽ തൊട്ട് ജീവന്റെ ഒഴുക്കറിഞ്ഞ് ഒരു പുഴയാത്ര

September 29, 2026

ലോക നദീദിനാചരണത്തിന്റെ ഭാഗമായി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ബി.എം.സി (BMC) കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കടലുണ്ടിപ്പുഴയുടെ ജൈവവൈവിധ്യ നിരീക്ഷണവും രേഖപ്പെടുത്തലും സംഘടിപ്പിച്ചു.

കാഞ്ഞമണ്ണ പുഴക്കടവിൽ രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടി പുഴയുടെയും തീരപ്രദേശങ്ങളുടെയും ജൈവവൈവിധ്യം നേരിട്ട് മനസ്സിലാക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള വേറിട്ട അനുഭവമായി. പുഴയിലെ ജലജീവികൾ, തീരങ്ങളിലെ സസ്യ-ജന്തു വൈവിധ്യങ്ങൾ, പ്രകൃതിയുടെ മനോഹാരിത എന്നിവ അടുത്തറിഞ്ഞുകൊണ്ട് നടത്തിയ യാത്ര പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതായിരുന്നു.

ബി.എം.സി കൺവീനറും കൂട്ടിലങ്ങാടി ജി.യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ അസീസ് മാഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര നിരവധി പുഴക്കടവുകൾ പിന്നിട്ട് ഏകദേശം ഏഴ് കിലോമീറ്റർ സഞ്ചരിച്ചു. കടലുണ്ടിപ്പുഴയും ചെറുപുഴയും സംഗമിക്കുന്നിടത്ത് വൈകുന്നേരം 5.30ന് സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രസ്ന ഉദ്ഘാടനം ചെയ്തു.

പുഴകൾ വെറും ജലസ്രോതസ്സുകൾ മാത്രമല്ലെന്നും, നമ്മുടെ ജൈവവൈവിധ്യത്തിന്റെയും ഭാവിതലമുറകളുടെയും ജീവശ്വാസമാണെന്നും ഓർമ്മിപ്പിച്ച ഈ പരിപാടി പ്രകൃതിയോടുള്ള ഉത്തരവാദിത്തവും പുഴസംരക്ഷണത്തിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടി. വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളുടെയും സഹപ്രവർത്തകരുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് കരുത്തായി.

photo