കലയുടെ വർണ്ണ വസന്തത്തിന് വീണ്ടും വേദിയൊരുക്കി പള്ളിപ്പുറത്തിന്റെ മണ്ണ്

October 14, 2026

കലയുടെ വർണ്ണ പ്പൊലിമയും സർഗ്ഗാത്മകതയുടെ സൗന്ദര്യവും ഒത്തുചേരുന്ന മറ്റൊരു മഹോത്സ വത്തിന് മങ്കട പള്ളിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മണ്ണ് വീണ്ടും ഒരുങ്ങുക യാണ്. 2013-ൽ കലയുടെ വിസ്മയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പള്ളിപ്പുറത്തിന്റെ മണ്ണിൽ, നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം മങ്കട സബ് ജില്ലാ കലോത്സവം വീണ്ടും അരങ്ങേറുകയാണ്. കലയും സംസ്കാരവും സർഗ്ഗാത്മകതയും കൈകോർക്കുന്ന ഈ മഹോത്സവം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക ഹൃദയ താളങ്ങൾക്ക് പുത്തനുണർവ് പകരുമെന്നതിൽ സംശയമില്ല.
നവംബർ 7-ന് കലോത്സവത്തിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമാകും. തുടർന്ന് നവംബർ 9, 10, 11, 12 തീയതികളിൽ വിവിധ വേദികളിലായി കലാപ്രതിഭകൾ തങ്ങളുടെ സർഗ്ഗവൈഭവംകൊണ്ട് കാണികളുടെ മനം കവരും. കലയുടെ ഈ വർണ്ണരാവുകൾ കൂട്ടിലങ്ങാടിയുടെ മാത്രമല്ല, അയൽപഞ്ചായത്തുകളിലെ ജനങ്ങളുടെയും കുടുംബങ്ങളുടെയും ഹൃദയങ്ങളിൽ ആനന്ദത്തിന്റെയും ആവേശത്തിന്റെയും മധുരസ്മരണകൾ തീർക്കുമെന്നുറപ്പാണ്.
ഈ മഹോത്സവത്തിന്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി മങ്കട സബ് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽനിന്നായി 42 മത്സരാർത്ഥികളാണ് തങ്ങളുടെ സർഗ്ഗശേഷി മാറ്റുരച്ചത്. മികവുറ്റ ആ സൃഷ്ടികൾക്കിടയിൽനിന്ന് കൂട്ടിലങ്ങാടി പഞ്ചായത്തിനും വിശേഷിച്ച് നമ്മുടെ അഞ്ചാം വാർഡി നും അഭിമാനമായി മാറിയിരിക്കുകയാണ് പള്ളിപ്പുറം ചീരകുഴി സ്വദേശി ശ്രീ. എൻ. കെ. അൻവർ ബാബു. 
പള്ളിപ്പുറത്തിന്റെ സാംസ്കാരിക സൗന്ദര്യവും നാടിന്റെ തനിമയും ഭാവനയുടെ ചാരുതയും തന്റെ വിരൽത്തുമ്പുകളിലൂടെ മനോഹര മായി പകർത്തി കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോയ്ക്ക് രൂപം നൽകിയ അൻവർ ബാബുവിന്റെ നേട്ടം നമ്മുടെ നാടിന്റെ അഭിമാനനിമിഷമാണ്.
 

Logo