ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ കാർഷിക സമൃദ്ധിയും ചരിത്രപരമായ പ്രാധാന്യവുമുള്ള ഒരു പ്രദേശമാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്. പുരാതന കാലം മുതൽക്കേ ഈ ഗ്രാമം സാംസ്കാരികമായി ഏറെ മുൻപന്തിയിലായിരുന്നു എന്നതിന് തെളിവാണ് ചെല്ലൂരിലെ തകർന്നുപോയ കോട്ടയുടെ അവശിഷ്ടങ്ങളും പടിഞ്ഞാറ്റുംമുറിയിലെ നിഗൂഢമായ ഗുഹാമാർഗവും. കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട ഈ ഗ്രാമം ഭൂമിശാസ്ത്രപരമായും അതീവ പ്രാധാന്യമുള്ളതാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ കൂട്ടിലങ്ങാടിക്ക് സവിശേഷമായ സ്ഥാനമുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പ്രവർത്തനങ്ങൾ ഇവിടെ അലയടികൾ സൃഷ്ടിച്ചിരുന്നു. 1936-ൽ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി. കൃഷ്ണപിള്ള തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുത്ത കെ.പി.സി.സി.യുടെ ഒരു മാസക്കാലം നീണ്ടുനിന്ന പഠനക്യാമ്പ് മങ്കട പള്ളിപ്പുറത്ത് നടന്നത് പഞ്ചായത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്.

സമ്പന്നമായ ഒരു കാർഷിക പാരമ്പര്യമാണ് ഈ നാടിനുള്ളത്. നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്ക് പുറമെ പറമ്പുകളിൽ 'മോടൻ' കൃഷിയും ഇവിടെ വ്യാപകമായിരുന്നു. 1936-ൽ നിർമ്മിച്ച കൂട്ടിലങ്ങാടി - വള്ളിക്കാപറ്റ റോഡാണ് പഞ്ചായത്തിന്റെ ആധുനിക പുരോഗതിക്ക് വഴിതുറന്നത്. 1929-ൽ ആരംഭിച്ച പടിഞ്ഞാറ്റുംമുറി സ്കൂളും വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്നു.

സാംസ്കാരികമായി വൈവിധ്യമാർന്ന ചടങ്ങുകൾ ഇവിടെ നിലനിന്നിരുന്നു. മേതൃക്കോവിൽ ഉത്സവം, പള്ളിപ്പുറം നേർച്ച എന്നിവ നാടിന്റെ ആഘോഷങ്ങളായിരുന്നു. മനോരോഗ ചികിത്സാ രംഗത്ത് പ്രശസ്തമായ പൂങ്കുടിൽ മനയും, വള്ളിക്കാപറ്റയിലെ അന്ധവിദ്യാലയവും ഈ പഞ്ചായത്തിന്റെ യശസ്സ് ലോകത്തെമ്പാടും എത്തിച്ചു. മതസൗഹാർദ്ദവും കലാസാഹിത്യ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഒരു മാതൃകാ ഗ്രാമമായി കൂട്ടിലങ്ങാടി ഇന്നും നിലകൊള്ളുന്നു.

അജ്ഞാതമായ ഏതോ രാജകീയപടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞതുപോലെ തോന്നിപ്പിക്കുന്ന ചെല്ലൂരിലെ കോട്ടയുടെ അവശിഷ്ടങ്ങളും, വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ലാത്ത, പടിഞ്ഞാറ്റുംമുറിയിലെ ഗുഹാമാര്‍ഗവും ഈ ഗ്രാമത്തിന്റെ ചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് സൂചന നല്‍കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തില്‍ അലയടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. മലബാറിലെ പ്രശസ്തനായ കോണ്‍ഗ്രസ്സ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായിരുന്നു കൂട്ടിലങ്ങാടി. 1936-ലെ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വേനല്‍ക്കാല പഠനക്യാമ്പിന് ആതിഥേയത്വം വഹിച്ചത് കൂട്ടിലങ്ങാടി പഞ്ചായത്തായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. മങ്കട പള്ളിപ്പുറത്തെ ചീരക്കുഴിയില്‍ നടന്ന, ഒരുമാസം നീണ്ടുനിന്ന പ്രസ്തുത ക്യാമ്പില്‍ അന്നത്തെ കെ.പി.സി.സി നേതാക്കളായിരുന്ന ഇ.എം.എസ്, പി.കൃഷ്ണപിള്ള, കെ.ദാമോദരന്‍. ഇ.കെ.ഇമ്പിച്ചിബാവ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. പഴയ കാലത്ത് ജന്മിമാര്‍ ഇവിടെയുള്ള ഭൂസ്വത്തുക്കളത്രയും കൈവശകൃഷിക്കാര്‍ക്കായി “കാണസംഖ്യ” ഈടാക്കി “ചാര്‍ത്തി” നല്‍കിയിരുന്നു. ആനക്കയം മുതല്‍ കൂട്ടിലങ്ങാടി വരെ ഏതാണ്ട് 14 കിലോമീറ്റര്‍ ദൂരം കടലുണ്ടിപുഴ പഞ്ചായത്തിനെ ചുറ്റിയൊഴുകുന്നു. കൂട്ടിലങ്ങാടി പഞ്ചായത്ത് ഒരു കാര്‍ഷികഗ്രാമമാണ്. ജനങ്ങള്‍ പൊതുവെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, പച്ചക്കറി, മരച്ചീനി, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വെറ്റില, ഇഞ്ചി, വാഴ, എള്ള്, ചാമ, റാഗി എന്നിവയെല്ലാം ഒരുകാലത്ത് ധാരാളമായി കൃഷിചെയ്തിരുന്നു. കൂടാതെ പറമ്പുകളില്‍ “മോടന്‍” എന്നുപേരുള്ള നെല്‍കൃഷി വ്യാപകമായി നിലനിന്നിരുന്നു. വാഴ, മരച്ചീനി, തുടങ്ങിയവ നാമമാത്രമായി ഇന്നും കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ സമസ്തപുരോഗതിക്കും പ്രധാന ഹേതുവായത് കൂട്ടിലങ്ങാടി - വള്ളിക്കാപറ്റ റോഡ് സഞ്ചാരയോഗ്യമാക്കിയതാണ്. അക്കാലത്തു നിലവിലുണ്ടായിരുന്ന നൂറുകണക്കിന് നാട്ടുവഴികളിലൊന്നാണ് പില്‍ക്കാലത്ത് റോഡായി മാറിയത്. 1936-ലാണ് റോഡുനിര്‍മ്മാണം പൂര്‍ത്തിയായത്. 1978-ലാണ് ഈ റോഡിലൂടെ ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിച്ചത്. 1929-ല്‍ പടിഞ്ഞാറ്റുംമുറിയില്‍ ആരംഭിച്ച മിഡില്‍, പ്രൈമറി സ്കൂളുകളും പഞ്ചായത്തിന്റെ സാംസ്ക്കാരിക പുരോഗതിയെ അളവറ്റ് സഹായിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ മങ്കട പള്ളിപ്പുറം ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1974-ലാണ്. പഞ്ചായത്തിലുള്ള പാണായിലായിരുന്നു ആദ്യകാലത്ത് പോസ്റ്റോഫീസ് സ്ഥിതി ചെയ്തിരുന്നത്. പഞ്ചായത്തില്‍ കൂട്ടിലങ്ങാടിയില്‍ ഒരു സബ്പോസ്റ്റോഫീസും പള്ളിപ്പുറം, വള്ളിക്കാപറ്റ, പടിഞ്ഞാറ്റുമുറി, പെരിന്താന്നിരി എന്നിവിടങ്ങളില്‍ ബ്രാഞ്ച് പോസ്റ്റോഫീസുകളുമുണ്ട്. മനോരോഗചികിത്സാ രംഗത്ത് കേരളത്തിലെ പ്രശസ്തമായ ആതുരാലയമാണ് വള്ളിക്കാപറ്റയിലെ “പൂങ്കുടില്‍ മന ചികിത്സാകേന്ദ്രം”. വള്ളിക്കാപറ്റയിലെ തന്നെ അന്ധവിദ്യാലയവും ഈ പഞ്ചായത്തിന്റെ യശസ്സ് ദൂരസ്ഥലങ്ങളിലെത്തിക്കാന്‍ സഹായിച്ച സ്ഥാപനമാണ്. നിലവില്‍ ഈ പഞ്ചായത്തിലാകെ ഒരു ആരോഗ്യകേന്ദ്രവും 5 ഉപകേന്ദ്രങ്ങളും 2 സ്വകാര്യ അലോപ്പതി ക്ളിനിക്കുകളുമുണ്ട്. ആയുര്‍വ്വേദരംഗത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയും 6 സ്വകാര്യ ആയുര്‍വേദ ക്ളിനിക്കുകളുമാണുള്ളത്. ഹോമിയോ രംഗത്ത് 3 സ്വകാര്യ ക്ളിനിക്കുകളും നിലവിലുണ്ട്.

സാംസ്കാരികചരിത്രം

അജ്ഞാതമായ ഏതോ രാജകീയപടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞതുപോലെ തോന്നിപ്പിക്കുന്ന ചെല്ലൂരിലെ കോട്ടയുടെ അവശിഷ്ടങ്ങളും, വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ലാത്ത, പടിഞ്ഞാറ്റുംമുറിയിലെ ഗുഹാമാര്‍ഗവും ഈ ഗ്രാമത്തിന്റെ ചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് സൂചന നല്‍കുന്നു. പടിഞ്ഞാറ്റുംമുറിയിലെ മേതൃക്കോവില്‍ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന, ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവവും, മങ്കടപ്പള്ളിപ്പുറത്തു നടന്നിരുന്ന ഗംഭീരമായ നേര്‍ച്ചയാഘോഷവും ഒരുകാലത്ത് ഈ നാടിന്റെ ദേശീയോത്സവങ്ങളായിരുന്നു. ഇപ്പോള്‍ ഈ ഉത്സവങ്ങള്‍ അന്യം നിന്നുപോയ അവസ്ഥയിലാണ്. മികവുറ്റൊരു കലാസാഹിത്യാസ്വാദന പാരമ്പര്യം ഈ ഗ്രാമത്തിനുണ്ട്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവച്ചടങ്ങുകളും മതാഘോഷങ്ങളിലുമെല്ലാം കേരളത്തിലെ പ്രസിദ്ധരായ കലാസംഘങ്ങളേയും, കലാകാരന്മാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാസൃഷ്ടികള്‍ അരങ്ങേറാറുണ്ട്. പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ പടിഞ്ഞാറ്റുമുറിയിലെ മേതൃക്കോവിലില്‍ ഉത്സവാഘോഷത്തോടനുബന്ധിച്ച് ക്ളാസിക് ക്ഷേത്രകലകളായ കഥകളി, ചാക്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍, പുരാണകഥാഖ്യാനം എന്നിവയൊക്കെ മുടങ്ങാതെ അരങ്ങേറിയിരുന്നു. മുസ്ളീംവിവാഹങ്ങളെ സംഗീത സാന്ദ്രമാക്കിയിരുന്ന “എതിരേല്‍ക്കല്‍” ചടങ്ങുകളും, ഹിന്ദുവിവാഹങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയിരുന്ന കാവ്യഗുണമുള്ള മംഗളപത്രങ്ങളും ഈ നാടിന്റെ മാത്രം സാംസ്കാരികസവിശേഷതകളാണ്. ആഘോഷങ്ങളെയും ചടങ്ങുകളെയും സാഹിത്യകലാ പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് പണ്ടുണ്ടായിരുന്ന താല്‍പര്യവും ഇതിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. റേഡിയോ ആര്‍ട്ടിസ്റ്റായ കെ.സി.പി.നമ്പൂതിരി, പൂര്‍വ്വകാല കവികളായിരുന്ന അവറാന്‍കുട്ടി, കോയക്കുട്ടിമാസ്റ്റര്‍ തുടങ്ങിയവര്‍ കലാസാംസ്കാരികരംഗത്ത് ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്. 1960-കളില്‍ ജനകീയ കലാപ്രവര്‍ത്തനങ്ങള്‍ വ്യാപകമായപ്പോള്‍ പഞ്ചായത്തിലും അതിന്റെ അലയൊലികള്‍ വീശിയടിച്ചു. പഞ്ചായത്തിലെ ചില ഗ്രന്ഥശാലകളും വായനശാലകളും ഉടലെടുത്തത് അക്കാലത്താണ്. കേരളഗ്രന്ഥശാലാ സംഘത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ട് ഗ്രന്ഥശാലകള്‍ ഈ പഞ്ചായത്തിലുണ്ട്.

പള്ളിപ്പുറത്തിന്റെ ചരിത്രം


കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഏറ്റവും പുരാതന ചരിത്ര ശേഷിപ്പുകൾ നിലനിൽക്കുന്ന പ്രദേശമാണ് പള്ളിപ്പുറം. മങ്കട പള്ളിപ്പുറം എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്, പഴയ മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലുൾപ്പെട്ട പ്രദേശമായിരുന്നു. മങ്കട, പള്ളിപ്പുറം എന്നീ രണ്ടംശങ്ങളിലായി യഥാക്രമം കടുകൂർ, കോണോത്തുംമുറി, കൊഴിഞ്ഞിൽ, പെരിന്താറ്റിരി എന്നിങ്ങനെ നാലും, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ എന്നിങ്ങനെ മൂന്നും ദേശങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. വള്ളുവനാട് രാജവംശത്തിന്റെ അധികാര കേന്ദ്രമായിരുന്ന മങ്കട കോവിലകം ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മിനാരങ്ങളുടെയും കൽവിളക്കുകളുടെയും പരസ്‌പര സ്നേഹത്തിന് ഇന്ത്യൻ ദേശീയ ചരിത്രത്തിൽ ഇടം നേടികൊടുത്ത വള്ളുവക്കോനാതിരിമാരുടെ സിരാ കേന്ദ്രമായ കോവിലകങ്ങളുടെ കൺ വെട്ടത്താണ് ഈ പ്രദേശവും വള്ളുവ നാടൻ രാജ വംശത്തിന്റെ പ്രൗഢസ്‌മരണകളുള്ള വള്ളുവക്കോനാതിരി രാജാവിന്റെ സ്വരൂപമായിരുന്നല്ലോ മങ്കടയും പരിസര പ്രദേശങ്ങളും. 1841 ലെ പള്ളിപ്പുറം കലാപം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
1841 ൽ മങ്കട പള്ളിപ്പുറത്ത് ഉണ്ടായ ലഹളയിൽ ഒരു നമ്പൂതിരിയെയും ജന്മിയായ പെരുമ്പള്ളി നമ്പൂതിരിയെയും മറ്റും ലഹളക്കാർ കൊല്ലുകയും നമ്പൂതിരിയുടെ ആശ്രിതന്മരായ ചില ഹിന്ദുക്കളുടെ പുര ചുട്ടുനശിപ്പിക്കുകയും ചെയ്തുവെത്രേ . അതിനുശേഷം അവർ നമ്പൂതിരിയുടെ ഇല്ലത്ത് താമസമുറപ്പിക്കുകയും അവിടെ വെച്ചു പട്ടാളക്കാർ അവരെ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഈ ലഹളക്കാരിൽ പ്രധാനി കുഞ്ഞാലൻ ആയിരുന്നു. കുഞ്ഞാലന്റെ കൈവശമുണ്ടായിരുന്ന ഒരു പറമ്പ് ജന്മി മേൽകാണം കൊടുത്ത് മേൽച്ചാർത്തുകാരൻ ഒഴിപ്പിച്ചത് നിമിത്തമായിരുന്നു ഈ വിരുദ്ധ സമരമുണ്ടായത് എന്ന് പറയപ്പെടുന്നു. പളിപ്പുറത്തെ പുരാതന പള്ളിയും ഏറെ ചരിത്ര സ്‌മരണകൾ നിറഞ്ഞതാണ്. പഴമയുടെ പ്രൗഡിയുമായി അടുത്തകാലം വരെ നിലനിന്നിരുന്ന പള്ളിപ്പുറം പള്ളി രണ്ട് വര്ഷം മുമ്പാണ് പുനർനിർമ്മാണത്തിനായി പൊളിച്ചു മാറ്റിയത്.
വലിയ മരത്തടികളിൽ തീർത്ത കൊത്തുപണികൾ ചെറിയ കിളിവാതിലുകളും വലിയ പാറക്കല്ലുകൾ പണി തീർത്ത അംഗ ശുദ്ധീകരണത്തിനു വേണ്ടിയുള്ള വെള്ളം നിറച്ച കുളങ്ങളും പൌരാണികതയുടെ തിരുശേഷിപ്പുകൾ തന്നെയായിരുന്നു. തൊട്ടടുത്ത പ്രദേശങ്ങളായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റ് മുറി പെരിമ്പലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾ പള്ളിപ്പുറത്തെ പള്ളിയെയായിരുന്നു ആശ്രയിച്ചത്. 1936 ൽ പള്ളിപ്പുറം ചീരക്കുഴിയിൽ സംഘടിപ്പിച്ച കെ പി സി സി ക്യാമ്പ് ദേശീയ സമര ചരിത്രത്തിൽ പ്രത്യകം പരാമർശിക്കേണ്ടതാണ്. കേരളത്തിൻറെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിച്ച സംഭവമായാണ് ഈ പഠന ക്യാമ്പ് അറിയപ്പെടുന്നത്.